പ്രതിരോധിയ്ക്കാം ഈ രോഗങ്ങളെ

By on May 3, 2013
Vaccinations

ശൈശവദശയിൽ മാത്രമല്ല നീണ്ട കാലത്തേയ്ക്കുള്ള പ്രതിരോധശക്തിയാണ് പ്രതിരോധ കുത്തിവയ്പുകൾ സമ്മാനിയ്ക്കുക.

കുഞ്ഞുവാവ ഒന്ന് തുമ്മിയാൽ പോലും അമ്മമാരുടെ നെഞ്ചിൽ തീയാണ് . പകർച്ചാവ്യാധികളുടെ കാലമാണെങ്കിൽ കുഞ്ഞിനേയും കൊണ്ട് ഡോക്ടറുടെ അടുത്തേയ്ക്ക് ഓടാനേ മാതാപിതാക്കൾക്ക് നേരമുണ്ടാകുകയുള്ളൂ . കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധ നല്കുന്ന മാതാപിതാക്കൾക്ക് അനുഗ്രഹമാണ് പ്രതിരോധ കുത്തിവയ്പുകൾ .ആറുമാസം പ്രായം വരെ കുഞ്ഞുങ്ങൾക്ക്‌ അമ്മയിൽ നിന്നും ലഭിയ്ക്കുന്ന പ്രതിരോധശേഷിയുണ്ടാകും . പിന്നീടുള്ള പ്രായത്തിൽ പ്രതൊരോധ ശേഷി നിലനിർത്തുനതിനാണ്  പ്രതൊരോധ കുത്തിവയ്പ്പുകൾ എടുക്കുന്നത് .

കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിയ്ക്കുന്നതിനായി ഓരോ പ്രായത്തിലും നല്കേണ്ട വാക്സിനുകൾ കൃത്യമായി നല്കാൻ മാതാപിതാക്കൾ ശ്രദ്ധിയ്ക്കണം .സർക്കാർ നിർബന്ധിതമാക്കിയ വാക്സിനുകൾക്കൊപ്പം മഞ്ഞപ്പിത്തം തടയുന്നതിനുള്ള വാക്സിനായ ഹെപ്പറ്റൈറ്റിസ് ബിയും മെനിഞ്ജൈറ്റിസ് , ന്യുമോണിയ എന്നിവയെ പ്രതിരോധിയ്ക്കുന്ന ഹീമൊഫിലിസ് ഇൻഫ്ളുവൻസ ബി (ഹിബ് )  , മുണ്ടിനീര് , അഞ്ചാംപനി , റുബെല്ല എന്നിവയ്ക്കെതിരെയുള്ള വാക്സിനായ എം എം ആർ എന്നിവയും പ്രതിരോധ പട്ടികയിൽ പെടുന്നു .

പുതിയ വാക്സിനുകൾ രംഗത്ത് 

കൂടുതൽ രോഗങ്ങൾക്കെതിരെ പ്രതിരോധശക്തി നേടാനുള്ള ശാസ്ത്രലോകത്തിന്റെ ശ്രമഫലമായാണ് പുതിയ വാക്സിനുകൾ രംഗത്തെത്തിയത് .സർക്കാർ നിർബന്ധിതമാക്കിയിട്ടില്ലാത്ത ഈ പ്രതിരോധ കുത്തിവെയ്പുകൾ മാതാപിതാക്കൾക്ക് താത്പര്യം ഉണ്ടെങ്കിൽ മാത്രം എടുത്താൽ മതിയാകും. പീഡിയാട്രീഷ്യന്റെ നിർദ്ദേശപ്രകാരം .കുഞ്ഞിനു യോജിച്ച വാക്സിൻ നല്കുന്നതാണ് ഉചിതം .

ന്യൂമോകൊക്കൽ കൻജുഗേറ്റ്‌ വാക്സിൻ (പി വി സി)

ന്യുമോണിയയ്ക്കെതിരെയുള്ള വാക്സിനാണ് പിവിസി .കുഞ്ഞിനു ആറാഴ്ച പ്രായമാകുമ്പോൾ നല്കാം. തുടർന്ന് പത്താമത്തെയും പതിനാലാമത്തെയും ആഴ്ചയിലും ഇത് നല്കണം .പതിനഞ്ചു – പതിനെട്ടു മാസമാകുമ്പോൾ പിവിസിയുടെ ബൂസ്റ്റർ നല്കാം . ഇന്ത്യയിൽ ന്യുമോണിയ മൂലമുള്ള ശിശുമരണനിരക്ക് കൂടുതലാണെന്നത്  പിവിസിയുടെ പ്രാധാന്യം വർദ്ധിപ്പിയ്ക്കുന്നു.

റോട്ടോവൈറസ് വാക്സിൻ 

റോട്ടോവൈറസ് മൂലമുള്ള വയറിളക്കത്തിനെതിരെയുള്ള വാക്സിനാണ് റോട്ടോവൈറസ് വാക്സിൻ . കുഞ്ഞിനു ആറാഴ്ച കഴിയുമ്പോൾ ഈ വാക്സിൻ നല്കാവുന്നതാണ് .

വരിസെല്ല

ചിക്കൻപോക്സിനെതിരെയുള്ള വാക്സിനാണ് വരിസെല്ല . അത് പതിനഞ്ചു മാസത്തിനു ശേഷമാണ് നല്കേണ്ടത് . നാല് – ആറ് വയസാകുമ്പോൾ ബൂസ്റ്റർ ഡോസ് നല്കാം. ചിക്കൻപോക്സ് മൂലമുള്ള ശിശുമരണനിരക്ക് പൊതുവെ കുറവെങ്കിലും ഈ രോഗം സൃഷ്ടിയ്ക്കുന്ന ബുദ്ധിമുട്ടുകൾ ആണ് വരിസെല്ല വാക്സിന്റെ സ്വീകാര്യതയ്ക്കു കാരണം .

ഹെപ്പറ്റൈറ്റിസ് എ 

മഞ്ഞപ്പിത്തമുണ്ടാക്കുന്ന ഹെപ്പറ്റൈറ്റിസ് എ വൈറസിനെതിരെയുള്ള വാക്സിൻ . പന്ത്രണ്ടു മാസം പ്രായമുണ്ടാകുമ്പോൾ ആദ്യ ഡോസ് നല്കാം . ആറ് മാസത്തെ ഇടവേളയ്ക്കു ശേഷം അടുത്ത ഡോസ് നല്കാം .ഇന്ത്യയിൽ ആറ് വയസുള്ളിനുള്ളിൽ ഹെപ്പറ്റൈറ്റിസ് എ വൈറസിന് ഇരയാകുന്ന കുട്ടികളുടെ നിരക്ക് വളരെ കൂടുതലാണെന്നത് ഈ വാക്സിന്റെ പ്രാധാന്യം.

ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ 

ഗർഭാശയ ഗള കാൻസർ തടയുന്നതിനുള്ള പ്രതിരോധ കുത്തിവയ്പാണ് . പെണ്‍കുട്ടികൾക്ക് മാത്രമായുള്ള ഈ വാക്സിൻ ഒമ്പത് വയസിനു ശേഷമാണ് എടുക്കുക് . ഇന്ത്യയിൽ ഗർഭാശയ ഗള കാൻസർ മൂലമുള്ള മരണനിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ ഈ വാക്സിൻ പ്രാധാന്യമർഹിയ്ക്കുന്നു.

ടൈഫോയിഡിനെതിരെയും പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്. എച്ച് വണ്‍ എൻ വണ്ണിനെതിരെയുള്ള പ്രതിരോധ വാക്സിൻ രംഗത്തെത്തിയെങ്കിലും ഇത് പ്രചാരത്തിലായിട്ടില്ല . വർഷം തോറും എടുക്കേണ്ടി വരുമെന്നതാണ് ഈ പ്രതിരോധ കുത്തിവയ്പിന്റെ അപര്യാപ്തതയായി എടുത്തു പറയപ്പെടുന്നത്‌ . നീണ്ട കാലത്തെ പ്രതിരോധശേഷി ലക്ഷ്യമിടുന്ന വാക്സിനുകളോടാണ്  പൊതുവെ ആളുകള്ക്ക് പ്രിയം .

കുത്തിവെയ്പ് എടുക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ടത് 

ആരോഗ്യമുള്ള ഏതു കുട്ടിയ്ക്കും പ്രതിരോധ കുത്തിവെയ്പ് എടുക്കാം ചെറിയ തോതിലുള്ള പനിയോ വയറിളക്കമോ ഉണ്ടെങ്കിൽ കാര്യമാക്കേണ്ടതില്ല .അതെ സമയം കടുത്ത പനി , ഛർദ്ദിൽ , വയറിളക്കം എന്നിവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ കുത്തിവയ്പ് ഒഴിവാക്കുന്നതാണ് നല്ലത്. കുത്തിവെയ്പെടുക്കുന്നത്തിനു മുൻപ് മുന്കരുതലുകളുടെയൊന്നും ആവശ്യമില്ല. മുമ്പ് പ്രതിരോധ കുത്തിവെയ്പ് , മരുന്ന് , ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ കുട്ടിയ്ക്ക് അലർജി ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ആ വിവരം ഡോക്ടറെ അറിയിക്കണം .

പ്രതിരോധകുത്തിവെയ്പ് മൂലം സാധാരണ ഗതിയിൽ നിസാരപ്രശ്നങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂ . കുത്തിവെയ്പ് എടുത്ത ഭാഗത്തുണ്ടായ വീക്കം, വേദന , ചൊറിച്ചിൽ , ചെറിയ പനി  എന്നിവയാണ് പൊതുവെ കണ്ടുവരുന്ന ലക്ഷണങ്ങൾ . ഇതുമൂലം കുഞ്ഞുങ്ങള ഉറക്കമില്ലാതെ കരയുന്നതും സ്വാഭാവികം . അപൂർവ്വം ചിലരിൽ മാത്രമേ ഗൌരവമർഹിയ്ക്കുന്ന ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയുള്ളൂ. കുത്തിവെയ്പിന് ശേഷം ഫിറ്റ്സ് , ഛർദ്ദി , ബോധക്കേട് എന്നീ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ ഡോക്ടറുടെ സേവനം തേടുക . പ്രതിരോധ കുത്തിവെയ്പ് കഴിഞ്ഞാലുടൻ പാർശ്വഫലങ്ങൾ 100ശതമാനവും പ്രകടമാകണം എന്നില്ല .അരമണിയ്ക്കൂറിനുള്ളിൽ ആണ് പാർശ്വഫലങ്ങൾ പ്രത്യക്ഷപ്പെടുക .. അതിനാൽ പ്രതിരോധ കുത്തിവെയ്പ് എടുത്തു കഴിഞ്ഞാൽ അര മണിയ്ക്കൂർ നേരം ഡോക്ടറുടെ നിരീക്ഷണത്തിലുണ്ടാകുവാൻ ശ്രദ്ധിയ്ക്കുക , പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉടൻ വിദഗ്ദപരിചരണം ലഭിയ്ക്കുന്നതിനുള്ള സംവിധാനമുണ്ടെന്ന് ഉറപ്പു വരുത്തണം .

പൊതുവെ പ്രതിരോധ കുത്തിവെയ്പ് എടുക്കുന്നതുമൂലമുള്ള വേദനയും ചെറിയ അസ്വസ്ഥതയും ഒക്കെ എളുപ്പത്തിൽ മാറും . കുത്തിവെയ്പ് എടുത്തതിനു ശേഷം ചെറിയ തോതിലുള്ള പനിയുണ്ടായാൽ അലർജിയാണോ എന്ന് പേടിയ്ക്കെണ്ടതില്ല. പ്രതിരോധ മരുന്ന് പ്രവർത്തിച്ചു തുടങ്ങുന്നതിന്റെ ഫലമായുണ്ടാകുന്ന ചെറിയ തോതിലുള്ള പനി രണ്ടു ദിവസം നീണ്ടു നിന്നേയ്ക്കാം . ഇത്തരം അവസ്ഥയിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് നല്കാം . ബിസിജി കുത്തിവെയ്പ് എടുക്കുന്ന ഭാഗത്ത് മൂന്നോനാലോ ആഴ്ചകൾക്ക് ശേഷം തടിപ്പുണ്ടാകും .അപ്പോൾ ചെറിയ വൃണമായി കരിയുകയും പാട് അവശേഷിയ്ക്കുകയും ചെയ്യും. ഇതിൽ ആശങ്കപ്പെടേണ്ടതില്ല . വാക്സിൻ ഫലപ്രദമായി എന്നതിന്റെ തെളിവാകും ഇത് . കുത്തിവെയ്പ് എടുത്തുകഴിഞ്ഞു അര മണിയ്ക്കൂറിന് ശേഷം മാത്രമേ ഭക്ഷണം നല്കാവൂ എന്നായിരുന്നു മുൻകാലങ്ങളിൽ പറയപ്പെട്ടിരുന്നത്‌ .എന്നാൽ ഇതിൽ തെല്ലും കഴമ്പില്ല . പ്രതിരോധ മരുന്ന് നല്കിക്കഴിഞ്ഞു എപ്പോൾ വേണമെങ്കിലും ഭക്ഷണം കഴിയ്ക്കാം . പ്രതിരോധ കുത്തിവെയ്പ് എടുത്ത കുഞ്ഞുങ്ങൾക്ക്‌ മുലപ്പാൽ നല്കുന്നതിലും പ്രശ്നം ഇല്ല . ഓരോ പ്രതിരോധകുത്തിവെയ്പിനും ആവശ്യമായ ഡോസുകൾ കാലാവധിയ്ക്കുള്ളിൽ കുട്ടികൾക്കു നല്കാൻ ശ്രദ്ധിയ്ക്കണം.

പ്രതിരോധശക്തി ഉറപ്പാക്കാം 

ജനന സമയത്ത് – ബിസിജി , ഒപിവി അഥവാ പോളിയോ തുള്ളിമരുന്ന് ,  ഹെപ്പറ്റൈറ്റിസ് ബി എന്നിവയാണ് നവജാത ശിശുക്കൾക്ക് നല്കുക. ജനന സമയത്തോ രണ്ടു ദിവസത്തിനുള്ളിലോ ബിസിജി നല്കണം.

ആറ് ആഴ്ച –  ഡിപിടി മ പോളിയോ , ഹെപ്പറ്റൈറ്റിസ് ബി, ഹീമൊഫിലിസ് ഇൻഫ്ലുവൻസ  ബി (ഹിബ് )  എന്നിവ നല്കാം . പോളിയോ തുള്ളിമരുന്നിനു പകരമുള്ള പ്രതിരോധകുത്തിവെയ്പും ഈ പ്രായത്തിൽ നല്കാം.

പത്താമത്തെ ആഴ്ച – പോളിയോ, ഡിപിടി എന്നിവയുടെ അടുത്ത ഡോസ് , ഹിബ് വാക്സിൻ .

ഒമ്പതാം മാസം – അഞ്ചാം പനിയ്ക്കെതിരെയുള്ള വാക്സിൻ .

15 – 18മാസം   – പോളിയോ വാക്സിൻ , ഡിപിടി , ഹിബ് എന്നിവയുടെ ബൂസ്റ്റർ നല്കാം . മുണ്ടിനീര് , അഞ്ചാം പനി ,റുബെല്ല എന്നിവയ്ക്കെതിരെയുള്ള വാക്സിനായ എംഎംആറിന്റെ ആദ്യ ഡോസ് നല്കാം.

അഞ്ചു വയസു – പോളിയോ തുള്ളി മരുന്ന് ,ഡിപിടിയുടെ ബൂസ്റ്റർ , എംഎംആറിന്റെ അടുത്ത ഡോസ് എന്നിവ നല്കണം.

10 വയസ് –  ടിടി വാക്സിൻ , ടെറ്റനസിനെയും ഡിഫ്ത്തീരിയയെയും പ്രതിരോധിയ്ക്കുന്ന ഈ വാക്സിൻ പതിനാറാമത്തെ വയസിലും എടുക്കേണ്ടതുണ്ട്‌.

Image courtesy : sfbaypeds.com ,

3 Comments

  1. prasannan

    May 4, 2013 at 9:53 pm

    thanks………..

  2. prasannan

    May 4, 2013 at 9:54 pm

    thanks……

  3. laila

    August 15, 2015 at 5:52 pm

    good   msg

     

Leave a Reply

Your email address will not be published. Required fields are marked *