Don't miss

കുഞ്ഞുങ്ങളിലെ ഹാർട്ട് മർമർ അറിയേണ്ട കാര്യങ്ങൾ

By on June 11, 2013
kid's heart beat

പാൽ പുഞ്ചിരിയോടെ ഉറങ്ങുന്ന കുഞ്ഞ് . പതിയെ കുഞ്ഞിന്റെ ഹൃദയത്തോട് ചെവി ചേർത്തു വച്ചാൽ അത് മിടിയ്ക്കുന്നത് അമ്മേ.. അമ്മേ എന്നല്ലേ എന്ന് തോന്നും. പക്ഷെ , ഇടയ്ക്കെപ്പോഴോ ഒരു മൂന്നാം ശബ്ദം ആ ഹൃദയമിടിപ്പിനെ അലോസരപ്പെടുത്തുന്നു എന്ന് തോന്നിയാൽ എങ്ങനെ പേടിയ്ക്കാതെ ഇരിയ്ക്കും ?

ഫാൻ കറങ്ങുന്ന പോലെ ഒരു കിരുകിരുപ്പ്‌ , അല്ലെങ്കിൽ ഹോസിലൂടെ വെള്ളം ഒഴുകുമ്പോൾ ഉണ്ടാകുന്ന ശബ്ദം പോലെ . ഹാർട്ട് മർമർ എന്ന് വിളിയ്ക്കുന്ന ശബ്ദം ചിലപ്പോൾ കുഞ്ഞുങ്ങളിലെ ഹൃദയത്തകരാറിന്റെ ലക്ഷണം ആകാം . എന്നാൽ ഹാർട്ട് മർമർ എല്ലാരിലും  രോഗലക്ഷണം ആയിരിയ്ക്കില്ല.

എന്താണ് ഹാർട്ട് മർമർ ?

ഹൃദയത്തിന് നാല് അറകൾ ആണുള്ളത്. ചെറിയ രണ്ടു മേലറകളും വലിയ രണ്ടു കീഴറകളും . വലതുവശത്തുള്ള അറകളിലൂടെ ശുദ്ധരക്തവും ഒഴുകുന്നു. രണ്ടു അറകളേയും പരസ്പരം വേർതിരിയ്ക്കുന്നത് മാംസഭിത്തികൾ ആണ്. മുകളിലും താഴെയും ഉള്ള അറകളെ പരസ്പരം ബന്ധിപ്പിയ്ക്കുന്നത് ഹൃദയ വാൽവുകളും. ഈ അറകളിലെയ്ക്ക്‌ പ്രവേശിയ്ക്കുന്ന രക്തത്തിന്റെ അളവ് നിയന്ത്രിയ്ക്കുന്നതും വാൽവുകൾ തന്നെ .

രക്തം ഒരേ ദിശയിലേയ്ക്ക് കടത്തി വിടുകയാണ് വാൽവുകളുടെ ദൌത്യം. ഓരോ പ്രാവശ്യവും രക്തം കടത്തിവിട്ട ശേഷം ഹൃദയ വാൽവ് അടയുന്ന ലബ് – ടബ് എന്ന രണ്ടു ശബ്ദങ്ങളെ ആണ് നമ്മൾ ഹൃദയമിടിപ്പ്‌ എന്ന് വിളിയ്ക്കുന്നത്. ഹൃദയത്തിന് തകരാറുണ്ടാകുമ്പോൾ ഈ പ്രവർത്തനം ശരിയായി നടക്കതെയാകുന്നു . ഇങ്ങനെ വരുമ്പോൾ രക്തം പമ്പുചെയ്യാൻ ഹൃദയത്തിന് ഏറെ പണിപ്പെടേണ്ടി വരികയും ലബ് – ടബ് ശബ്ദത്തിന് പുറമേ വിസിൽ പോലെ ഒരു മൂന്നാം ശബ്ദം ഉണ്ടാകുകയും ചെയുന്നു.

ഹാർട്ട് മർമർ ഉണ്ടാകാനുള്ള പ്രാധാന കാരണങ്ങൾ

പ്രധാനമായും നാല് കാരണങ്ങൾ കൊണ്ട് ഹാർട്ട് മർമർ ഉണ്ടാകുന്നു. 

 1. ഹൃദയത്തിന് ദ്വാരം
 2. ഹൃദയ വാൽവിന് ഉണ്ടാകുന്ന ദ്വാരം.
 3. ഹൃദയ വാൽവ് ചുരുങ്ങുക
 4. മറ്റു ഹൃദ്രോഗങ്ങൾ

ഹാർട്ട് മർമർ എങ്ങനെ കണ്ടു പിടിയ്ക്കാം?

ഹാർട്ട് മർമർ പലതരമുണ്ട് . ശക്തിയേറിയത് ആണെങ്കിൽ കുഞ്ഞിന്റെ നെഞ്ചിലേയ്ക്ക് നോക്കുമ്പോൾ തന്നെ തിരിച്ചറിയാം .ഗുരുതരമായ ഹൃദ്രോഗലക്ഷണം ആകാം ഇത് . ഒരു സംഗീതോപകരണത്തിൽ നിന്നെന്നപോലെ താളാത്മകമായ ശബ്ദം ആണ് കേൾക്കുന്നതെങ്കിൽ മിക്കവാറും ചിക്തിസിച്ചു ഭേദമാക്കാൻ കഴിയും. വളരെ മൃദുവായി, നേർക്കാഴ്ചയിൽ ഒട്ടും തന്നെ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള മൂന്നാമത്തെ വിഭാഗത്തിലെ മർമർ മിക്കവാറും അപകടകാരി ആവില്ല .

ഡോക്ടർക്ക്‌ സ്റ്റെതസ്കോപ്പിലൂടെ പരിശോധിയ്ക്കുമ്പോൾ ഹാർട്ട് മർമർ ഏതു വിഭാഗത്തിലെന്ന് തിരിച്ചറിയാൻ കഴിയും.  ഹൃദയത്തിന്റെ ഏതു ഭാഗത്ത് നിന്നാണ് ശബ്ദം കേൾക്കുന്നതെന്നും ശബ്ദത്തിന്റെ സ്വഭാവം ഏതെന്നും കണക്കാക്കി ഡോക്ടർക്ക്‌ പ്രശ്നത്തിന്റെ സ്വഭാവം വിലയിരുത്താനും കഴിയും.

എല്ലാ ഹാർട്ട് മർമറും അപകടകാരികൾ അല്ല .

എല്ലാ ഹാർട്ട് മർമറും അപകടകാരികൾ അല്ല. അപകടകാരി അല്ലാത്ത ഹാർട്ട് മർമറിനെ ഇന്നസെന്റ് ഹാർട്ട് മർമർ എന്നാണു പറയുന്നത് . ചിലരിൽ വിളർച്ച മൂലവും സ്ത്രീകളിൽ ഗർഭാവസ്ഥയിലും എല്ലാം  ഇത് പ്രത്യക്ഷം ആകാറുണ്ട് . ചെറിയ കുട്ടികളിൽ ആണെങ്കിൽ രണ്ടുമുതൽ നാല് വയസു വരെ പ്രായം ആകുന്നതോടെ ചികിത്സയൊന്നും കൂടാതെ തന്നെ ഇത് അപ്രത്യക്ഷമാകും.

ഹൃദയത്തകരാറുള്ള കുഞ്ഞുങ്ങളിൽ ഹാർട്ട് മർമറിനൊപ്പം കാണുന്ന മറ്റു ലക്ഷണങ്ങൾ 

 1. കുഞ്ഞിനുണ്ടാകുന്ന നീലനിറം : ആരോഗ്യമുള്ള കുഞ്ഞിനെ കുളിപ്പിച്ചു കഴിഞ്ഞാൽ ഉടൻ അവരുടെ മുഖവും ശരീരവും ചുവന്നു തുടുത്തിരിയ്ക്കും. അല്ലെങ്കിൽ മുഖവും നഖങ്ങളും നീലയാകും.
 2. കുട്ടി കരയുക, കൈകാലിട്ടിളക്കി  കളിയ്ക്കുക , മലം പോകുക തുടങ്ങിയവ ചെയ്യുമ്പോൾ ശ്വാസോച്ഛ്വാസം ദ്രുതഗതിയിലായി കിതപ്പുണ്ടാകുന്നു.
 3. ഇടയ്ക്കിടെ ഹൃദയമിടിപ്പ്‌ കൂടുകയും പെട്ടന്ന് കുറയുകയും ചെയ്യുന്നു.
 4. അകാരണമായി വിയർക്കുക . കൈകാലുകൾ തണുത്തിരിയ്ക്കുക.
 5. മുലപ്പാൽ കുടിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ പെട്ടന്ന് ക്ഷീണിച്ചു വിയർക്കുക.
 6. ഇടവിട്ടിടവിട്ട് ശ്വാസകോശത്തിൽ അണുബാധ ഉണ്ടാകുക.
 7. വേണ്ട അളവിൽ പാൽ കിട്ടാത്തത് കൊണ്ട് എപ്പോഴും വിശന്നു കരയും. ആവശ്യത്തിനു തൂക്കം വയ്ക്കുകയും ഇല്ല.

ഹൃദയത്തിനുണ്ടാകുന്ന ഏതു രോഗത്തിന്റെയും ലക്ഷണമായി മർമർ പ്രത്യക്ഷപ്പെടാം .ശൈശവത്തിൽ കണ്ടു പിടിയ്ക്കാൻ കഴിയാതിരുന്ന ഹൃദയ തകരാറുകൾ ചിലപ്പോൾ മൂന്നോ നാലോ വയസാകുമ്പോൾ തിരിച്ചറിയാൻ കഴിയും. വിട്ടുമാറാത്ത ന്യുമോണിയ ആകും പ്രധാന ലക്ഷണം . ഓടി കളിയ്ക്കുമ്പോൾ തല ചുറ്റി വീഴുക, എപ്പോഴും ഉറക്കം തൂങ്ങി ഇരിയ്ക്കുക , ക്ഷീണിച്ച ശരീരം , നെഞ്ചു വേദന ഇതെല്ലാം ഹൃദയ തകരാറുകളുടെ ലക്ഷണം ആകാം.

ഹൃദയത്തിന് തകരാറുണ്ടെന്നു സംശയം തോന്നിയാൽ ശിശു രോഗവിദഗ്ദർ ഒരു ഹൃദ്രോഗവിദഗ്ദന് റഫർ ചെയും. എക്സ്റേ , ഈസീജി , എക്കോസ്കാൻ ഇവ വഴി ഒരു ഹൃദ്രോഗ വിദഗ്ദന് രോഗ നിർണ്ണയം സാധിയ്ക്കും. ഹൃദയത്തിന്റെ വിവിധ അറകളുടെ പ്രവർത്തനം കാണുന്നതിനും ഏതു ദിശയിലേയ്ക്ക് ആണ് രക്തം പമ്പ് ചെയ്യപ്പെടുന്നത് എന്ന് അറിയാനും എക്കോ കാർഡിയോ ഗ്രാം വഴി സാധിയ്ക്കും.  ചില ഹൃദയ തകരാറുകൾ ശസ്ത്രക്രിയ വഴി ഉടനെ പരിഹരിയ്ക്കാം. ചിലപ്പോൾ കുഞ്ഞിനു പത്തോ പതിനഞ്ചോ വയസു പ്രായം ആയ ശേഷമേ ശാസ്ത്രക്രിയ നടത്താവൂ . അത്രയും കാലം മരുന്നുകൾ കൊണ്ട് രോഗം നിയന്തിച്ചു  നിർത്തേണ്ടി വരും .

Image courtesy: healthcommunities.com

Leave a Reply

Your email address will not be published. Required fields are marked *