Don't miss

ഭക്ഷണക്രമത്തിലൂടെ കാൻസറിനെ ചെറുക്കാം

By on May 5, 2013
cancer

ലോകം ഇന്ന് ഏറ്റവും കൂടുതൽ പഠന വിഷയമാക്കുന്ന 5 രോഗങ്ങളിൽ ഒന്ന് കാൻസറാണ്.

“മൂന്നിലൊരു ഭാഗം അര്‍ബുദ രോഗങ്ങളും നാം കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു.” നാഷണല്‍ കാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണ പഠനങ്ങളുടെ കണ്ടെത്തലാണിത്. വിവിധ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കഴിയും. കാന്‍സര്‍രോഗവളര്‍ച്ചയെ തടയുകയോ സാവധാനപ്പെടുത്തുകയോ, ട്യൂമറിന്റെ വലുപ്പം കുറയ്ക്കുകയോ ചെയ്യാനും കഴിവുള്ള നിരവധി പദാര്‍ത്ഥങ്ങള്‍ വിവിധ ഭക്ഷണങ്ങളിലൂടെ നമുക്ക് ലഭിക്കുന്നു. കമ്പോളത്തില്‍ നിന്നും നാം വാങ്ങുന്ന ഭക്ഷണസാധനങ്ങളില്‍ മിക്കതിനും അര്‍ബുദരോഗത്തെ ചെറുക്കുന്ന ഗുണങ്ങളുള്ളവയാണെന്ന് നാം അറിയുന്നുണ്ടോ?. ശരീരത്തിലുണ്ടാകുന്ന ഹാനികരമായ സ്വതന്ത്രറാഡിക്കലുകളെ നിര്‍വീര്യമാക്കുന്ന ആന്റിഓക്സിഡന്റുകളും, ശക്തിയേറിയ ഫൈറ്റോകെമിക്കലുകളുമാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്.

അവൊകാഡോസ് (Avocados)

ഒരു ജാതി പേരയ്ക്കയായ അവൊകാഡോസില്‍ കുടലിലെ കൊഴുപ്പിന്റെ ആഗിരണത്തിന് വഴിയൊരുക്കുന്ന സ്വതന്ത്രറാഡിക്കലുകള്‍ക്കെതിരെ പൊരുതുവാന്‍ കഴിവുള്ള “ഗ്ളൂട്ടാതയോണ്‍” (Glutathione) എന്ന ആന്റിഓക്സിഡന്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഏത്തപ്പഴത്തിലുള്ളതിനെക്കാള്‍ അധികം പൊട്ടാസ്യം അവോകാഡോസില്‍ അടങ്ങിയിട്ടുണ്ട്. ബീറ്റ കരോട്ടിന്റെ സമൃദ്ധമായ ഉറവിടമാണ് അവോകാഡോസ്. കരളിലെ അര്‍ബുദത്തിന് കാരണമാവുന്ന “വൈറല്‍ ഹെപ്പറ്റൈറ്റിസ്” അഥവാ കരള്‍ വീക്കത്തിന്റെ ചികിത്സയ്ക്ക് അവോകാഡോസ് ഉപയോഗിക്കുന്നു. ഇന്ത്യയില്‍ മഹാരാഷ്ട്രയിലും, കര്‍ണ്ണാടകയിലും, തമിഴ്നാട്ടിലും, സിക്കിമിലും അവൊകാഡോസ് കൃഷി ചെയ്യുന്നുണ്ട്. മെക്സിക്കോയാണ് അവൊകാഡോസ് ചെടിയുടെ ജന്മദേശം. ബട്ടറിലെ കൊഴുപ്പും, ഇറച്ചിയിലെ പ്രോട്ടീനും, പച്ചക്കറികളിലെ ധാതുലവണങ്ങളും വിറ്റാമിനുകളും ഒത്തുചേര്‍ന്ന ഒരു പഴമാണ് അവൊകാഡോസ്.

ബ്രോക്കോളി (Brocoli), കാബേജ് (Cabbage), കോളിഫ്ളവര്‍ (Cauliflower)

ബ്രോക്കോളി, കാബേജ്, കോളിഫ്ളവര്‍ എന്നിവയില്‍ സ്തനാര്‍ബുദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന “ഇന്‍ഡോള്‍-3, കാര്‍ബിനോള്‍” (Indole – 3 carbinol) എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. അര്‍ബുദത്തിന് കാരണമാവുന്ന ഈസ്ട്രോജനെ ശരീരത്തിന് സുരക്ഷിതമായ ഒരു വസ്തുവായി രൂപാന്തരപ്പെടുത്തുവാന്‍ ഈ രാസവസ്തുവിന് കഴിവുണ്ടത്രേ. ബ്രോക്കോളിയുടെ മുളയില്‍ കാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ള ഫൈറ്റോകെമിക്കല്‍ ആയ “സള്‍ഫോറാഫേന്‍” (Sulforaphane) അടങ്ങിയിരിക്കുന്നു. സള്‍ഫോറാഫേന്‍ ഉത്പാദിപ്പിക്കുന്ന ചില എന്‍സൈമുകള്‍ സ്വതന്ത്രറാഡിക്കലുകളെയും കാന്‍സറിന് കാരണമാകുന്ന മറ്റ് പദാര്‍ത്ഥങ്ങളെയും നിര്‍വീര്യമാക്കുന്നു. ബ്രോക്കോളിയുടെ മുളയിലും കോളിഫ്ളവര്‍, കാബേജ് എന്നിവയിലും “ല്യൂട്ടിന്‍” (Leutin) “സീസാന്‍തിന്‍” (Zeaxanthin) എന്നീ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പ്രോസ്റേറ്റ് ഗ്രന്ഥിയിലുണ്ടാകുന്ന അര്‍ബുദം കുറയ്ക്കാന്‍ ഇത് സഹായിക്കും.

ജാലപിനോസ് (Jalapenos), മുളക് (Chilli Pepper)

മെക്സിക്കോയിലും അമേരിക്കന്‍ ഐക്യനാടുകളിലും ധാരാളമായി കൃഷിചെയ്യുന്ന മുളക് വര്‍ഗത്തില്‍പെട്ട ജാലപിനോഡിലും, ഇന്ത്യയില്‍ ധാരാളമായി കൃഷിചെയ്യുന്ന ചില്ലി പെപ്പറിലും (Chillipepper) കാന്‍സറിന് കാരണമാകുന്ന നൈട്രോസമിനുകളെ ചെറുക്കുന്ന “കാപ്സെയ്സിന്‍” (Capsaicin) എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. .ആമാശയകാന്‍സര്‍ തടയുന്നതിന് ഈ മുളകുകള്‍ ഫലപ്രദമാണ്.

വെളുത്തുളളി (Garlic), സവാള (Big Onion) ചുവന്നുളളി (Onion)

ശരീരത്തിലെ നിരവധി രോഗങ്ങള്‍ക്ക് ഒരുത്തമ ഔഷധമാണ് വെളുത്തുളളി. രോഗപ്രതിരോധത്തെ വര്‍ധിപ്പിക്കുന്ന “അല്ലിയം” (Allium) സംയുക്തങ്ങള്‍ വെളുത്തുളളിയില്‍ അടങ്ങിയിട്ടുണ്ട്. ഇമ്യൂണ്‍ കോശങ്ങളുടെ പ്രവര്‍ത്തനത്തെ അല്ലിയം സംയുക്തങ്ങള്‍ വര്‍ധിപ്പിക്കുകയും അര്‍ബുദ കാരണമായ പദാര്‍ത്ഥങ്ങളെ വിഘടിപ്പിക്കുകയും ചെയ്യുന്നു. വെളുത്തുളളി മാത്രമല്ല, ചെറിയ ഉളളിയും സവാളയും ആമാശയ കാന്‍സര്‍ കുറയ്ക്കാന്‍ സഹായിക്കും. ഗാര്‍ലിക് ഓയിലിലുളള “ഡൈഅല്ലെല്‍ സള്‍ഫെഡുകള്‍” (Diallyl sulfides) കാന്‍സറുണ്ടാക്കുന്ന കരളിലെ വസ്തുക്കളെ നിര്‍വീര്യമാക്കുന്നു. ഉളളിയില്‍ ആന്റിഓക്സിഡന്റായ”ക്വര്‍സെറ്റിന്‍” (Quercetin) എന്ന പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍ എന്നീ രോഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാന്‍ ക്വര്‍സെറ്റിന്‍ എന്ന സംയുക്തത്തിന് കഴിവുണ്ട്. പുരാതന ഗ്രീക്കില്‍ അത്ലെറ്റുകള്‍ ധാരാളമായി ഉളളി കഴിച്ചിരുന്നു. രക്തവര്‍ധനവിനും ശുദ്ധീകരണത്തിനും ഉളളി നല്ലൊരു ഔഷധിയാണ്.

ഓറഞ്ച്, നാരങ്ങ, മധുരനാരങ്ങ

ഓറഞ്ച്, നാരങ്ങ, മധുരനാരങ്ങ തുടങ്ങിയ പഴങ്ങളില്‍ അടങ്ങിയിട്ടുളള “മോണോടെര്‍പീനുകള്‍” (Monoterpenes) അര്‍ബുദജന്യങ്ങളായ വസ്തുക്കളെ ശരീരത്തില്‍ നിന്നും പുറന്തളളുന്നതിന് സഹായിക്കുന്നതിലൂടെ കാന്‍സര്‍ രോഗത്തെ തടയുന്നു. സ്തനാര്‍ബുദത്തില്‍ അര്‍ബുദകോശങ്ങള്‍ പെരുകുന്നതിനെ ചെറുമധുരനാരങ്ങ തടയുന്നു. ഈ പഴങ്ങളില്‍ വിറ്റാമിന്‍ സി, ബീറ്റ കരോട്ടിന്‍, ഫോളിക് ആസിഡ് എന്നീ പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

കൂണുകള്‍ (Mushrooms)

ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തുകയും കാന്‍സറിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പല രാസസംയുക്തങ്ങളും കൂണില്‍ അടങ്ങിയിട്ടുണ്ട്. കോറിയോലസ് വേഴ്സി കളര്‍, മ്യൂറില്‍ അഗാറികസ് ബ്ളേസി, റൈപ്പി, മൈയ്റ്റേക്ക്, ഷീറ്റേക്ക് തുടങ്ങി വിവിധ തരത്തിലുളള കൂണുകളുണ്ട്. ഇത്തരം കൂണുകളിലെ “ലെന്റിനാന്‍” (Lentinan) പോലുളള പോളിസാക്കറൈഡുകള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് സഹായകമാവുന്നു. ബീറ്റ ഗ്ളൂക്കാനിന്റെ (Beta Glucan) ഉറവിടമാണിത്. അര്‍ബുദകോശങ്ങളെ ആക്രമിച്ച് അവ പെരുകുന്നതിനെ തടയുന്ന “ലെക്ടിന്‍” (Lectin) എന്ന പ്രോട്ടീന്‍ കൂണിലുണ്ട്. “തയോപ്രൊലൈന്‍” (Thio proline) എന്ന പദാര്‍ത്ഥവും കൂണിലടങ്ങിയിരിക്കുന്നു. ശരീരത്തില്‍ ഇന്റര്‍ഫെറോണുകളുടെ ഉല്പാദനത്തെ ത്വരിതപ്പെടുത്തുന്നതിനും കൂണുകളിലടങ്ങി യിരിക്കുന്ന രാസസംയുക്തങ്ങള്‍ സഹായിക്കുന്നു.

ലൈകോറൈസ് റൂട്ട്

ലൈകോറൈസ് റൂട്ടില്‍ അടങ്ങിയിരിക്കുന്ന “ഗ്ളിസിറിസിന്‍’ (Glycyrrhizin) എന്ന രാസവസ്തു ടെസ്റോസ്റെറോണ്‍ ഹോര്‍മോണിലെ ഒരു ഘടകത്തെ പ്രവര്‍ത്തനരഹിതമാക്കുന്നതിലൂടെ പ്രോസ്റേറ്റ് ഗ്രന്ഥിയിലുണ്ടാകുന്ന അര്‍ബുദത്തെ തടയുന്നു. എന്നാല്‍ ഇത് അമിതമായാല്‍ രക്താതിമര്‍ദ്ദം ഉണ്ടാകുന്നതിനുളള സാധ്യതയുണ്ടെന്നും അറിഞ്ഞിരിക്കുക.

അണ്ടിപ്പരിപ്പുകള്‍ (Nuts)

അണ്ടിപ്പരിപ്പുകളില്‍ ആന്റിഓക്സിഡന്റുകളായ “ക്വര്‍സൈറ്റി” നും (Quercetin), “കാമ്ഫെറോളും” (Campherol) അടങ്ങിയിരിക്കുന്നു. കാന്‍സര്‍വളര്‍ച്ചയെ നിയന്ത്രിക്കുന്നതില്‍ ഈ പദാര്‍ത്ഥങ്ങള്‍ക്ക് കഴിവുണ്ട്. ബ്രസീല്‍അണ്ടിപ്പരിപ്പില്‍ 80 മൈക്രോഗ്രാം “സെലീനിയം” (Selenium) അടങ്ങിയിട്ടുണ്ട്. ഇത് പ്രോസ്റേറ്റ് ഗ്രന്ഥിയിലുണ്ടാകുന്ന അര്‍ബുദരോഗത്തെ ചെറുക്കുന്ന പദാര്‍ത്ഥമാണ്. അണ്ടിപ്പരിപ്പിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. വായിലോ, നാക്കിലോ ചൊറിച്ചില്‍ അനുഭവപ്പെടുകയോ, തൊണ്ടയടപ്പോ, ശ്വാസോച്ഛാസ തടസമോ ഉണ്ടാവുകയാണെങ്കില്‍ വൈദ്യസഹായം തേടേണ്ടതാണ്.

പപ്പായ (Pappaya)

പപ്പായായില്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഉയര്‍ത്തുന്ന വിറ്റാമിനുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പപ്പായായിലുള്ള വിറ്റാമിന്‍. സി ഒരു ആന്റിഓക്സിഡന്റ് ആയി പ്രവര്‍ത്തിച്ച് കാന്‍സറിന് കാരണമാകുന്ന നൈട്രോസമിനുകളുടെ ആഗിരണത്തെ തടയുന്നു. ചിലതരം അര്‍ബുദങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന “ഫൊളാസിന്‍” (Folacin) അഥവാ ഫോളിക് ആസിഡ് പപ്പായായില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

റൌസ്മരി (Rosemary)

ഒരു സുഗന്ധചെടിയായ റൌസ്മരി (Rosemary) മാലിന്യങ്ങളെ നീക്കം ചെയ്യുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു. സ്തനാര്‍ബുദവും ത്വക്കിലുണ്ടാവുന്ന അര്‍ബുദരോഗവും തടയുന്നതിന് റൌസ്മരി ചെടിയുടെ സത്തായ “കാര്‍നൊസോളി”ന് (Carnosol) കഴിവുണ്ട്. ചായയില്‍ ചേര്‍ത്തും റൌസ്മരി കുടിക്കാം. റൌസ്മരി ചെടിയുടെ ഉണങ്ങിയ ഇലകള്‍ പൊടിച്ച് ഒരു ടീസ്പൂണ്‍ ഒരു കപ്പ് ചൂട് വെളളത്തില്‍ ഇട്ടുവച്ചാല്‍ 15 മിനിട്ട് കഴിയുമ്പോഴേക്കും പാനീയം തയ്യാറായിരിക്കും.

റെഡ് വൈന്‍ (Red wine)

അര്‍ബുദരോഗങ്ങള്‍ക്കെതിരെ ശരീരത്തെ സുരക്ഷിതമാക്കുന്ന പോളിഫീനോളുകള്‍, രോഗമുണ്ടാക്കുന്ന സ്വതന്ത്രറാഡിക്കലുകളെ നിര്‍വീര്യമാക്കുന്ന ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്നു. മുന്തിരിങ്ങയുടെ തൊലിയില്‍ കാണപ്പെടുന്ന “റെസ്വെരാട്രോള്‍” (Resvaratrol) എന്ന പദാര്‍ത്ഥവും രോഗങ്ങളെ തടയുന്നതിന് കഴിവുളള ഒരു പദാര്‍ത്ഥമാണ്. എന്നാല്‍ വൈനുകളില്‍ സള്‍ഫൈറ്റ് രാസസംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അമിതമായി ഉപയോഗിക്കുന്നതും നന്നല്ല.

കടല്‍പായല്‍ (Sea weeds) , കടല്‍സസ്യങ്ങള്‍ (Sea Plants)

കടല്‍പായലിലും, കടല്‍സസ്യങ്ങളിലും സ്തനാര്‍ബുദത്തിനെതിരെ പൊരുതുന്ന പ്രധാനപ്പെട്ട ഫാറ്റി ആസിഡുകളായ ബീറ്റാകരോട്ടിന്‍ (Beta Carotene), പ്രോട്ടീന്‍ (Protein), വിറ്റാമിന്‍ ബി 12 (Vitamin B 12), നാരുകള്‍ (Fibre), ക്ളോറോഫില്‍ (Chlorophyll), ക്ളോറോഫൈലോണുകള്‍ (Chlorophylones), തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

മധുരക്കിഴങ്ങ് (Sweet Potatoes)

മധുരക്കിഴങ്ങില്‍ കാന്‍സറിനെതിരെ പ്രവര്‍ത്തിക്കുന്ന ചില പദാര്‍ത്ഥങ്ങളടങ്ങിയിട്ടുണ്ട്. കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കുന്ന ബീറ്റകരോട്ടിന്‍ ഉള്‍പ്പെടെയുളള ഈ പദാര്‍ത്ഥങ്ങള്‍ കോശന്യൂക്ളിയസിലുളള ഡി.എന്‍.എ യെ സംരക്ഷിക്കുന്നു. കാന്‍സറുണ്ടാക്കുന്ന രാസവസ്തുക്കള്‍ക്കെതിരെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

ഗ്രീന്‍ടീ (Green Tea), കട്ടന്‍ചായ (Black Tea)

ഗ്രീന്‍ടീയിലും, കട്ടന്‍ചായയിലും അര്‍ബുദകോശങ്ങളുടെ വിഭജനത്തെ തടയുന്ന ആന്റിഓക്സിഡന്റുകളായ “കാറ്റക്കിന്‍സ് ” (Catechins)അഥവാ പോളിഫീനോളുകള്‍ അടങ്ങിയിരിക്കുന്നൂ. ഗ്രീന്‍ടീയാണ് ഇവയില്‍ മികച്ചത്. ജൂലൈ 2001 ലിറങ്ങിയ ജേര്‍ണല്‍ ഓഫ് സെല്ലുലാര്‍ ബയോകെമിസ്ട്രിയുടെ ലക്കത്തില്‍ റെഡ് വൈനിലും, ഗ്രീന്‍ടീയിലും, ഒലീവ് ഓയിലിലും ഈ പോളിഫിനോളുകള്‍ അടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോളിഫിനോളുകള്‍ അടങ്ങിയ ഉണങ്ങിയ തേയിലയിലകള്‍ ആമാശയം, ശ്വാസകോശം, കരള്‍, പാന്‍ക്രിയാസ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന കാന്‍സറിനെ അകറ്റി നിറുത്തുമെന്ന് പഠനം വ്യക്തമാക്കുന്നു.

മഞ്ഞള്‍ (Curcuma longa)

ഇഞ്ചിവര്‍ഗത്തില്‍പ്പെട്ട മഞ്ഞള്‍ വളരെയധികം ഔഷധമൂല്യമുള്ളതാണ്. ശരീരത്തിനുള്ളില്‍ നിര്‍വീക്കവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സൈക്ളോഓക്സിജനേസ് 2 (Cyclo Oxygenase 2) എന്‍സൈമിന്റെ അനിയന്ത്രിതമായ ഉല്പാദനത്തെ മഞ്ഞള്‍ തടയുന്നു. കാന്‍സര്‍രോഗമുള്ളവരിലും സൈക്ളോസിജിനേസ്എന്‍സൈം അമിതമായി ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്.

തക്കാളി (Tomato)

ശരീരത്തില്‍ അപകടങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് പാഞ്ഞു നടക്കുന്ന സ്വതന്ത്രറാഡിക്കലുകളെ ഇല്ലാതാക്കുവാന്‍ തക്കാളിയിലടങ്ങിയിരിക്കുന്ന“ലൈകോപീന്‍ ”(Lycopene) എന്ന ആന്റിഓക്സിഡന്റിന് കഴിവുണ്ട്. ഉഷ്ണകാലാവസ്ഥയില്‍ തക്കാളിയില്‍ കൂടുതല്‍ ലൈകോപീന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു.കോശങ്ങളുടെ നാശത്തെ തടയുന്ന വിറ്റാമിന്‍.സി യും തക്കാളിയില്‍ വേണ്ടുവോളമുണ്ട്. വായിലെ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുവാന്‍ ലൈകോപീന് കഴിയുമെന്ന് ഇസ്രയേലിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. സ്തനങ്ങള്‍, പ്രോസ്റേറ്റ് ഗ്രന്ഥി, പാന്‍ക്രിയാസ്, വന്‍കുടല്‍ എന്നിവിടങ്ങളിലുണ്ടാകുന്ന കാന്‍സറുകളെ ലൈകോപീന്‍ തടയുന്നു. തണ്ണിമത്തന്‍, കാരറ്റ് എന്നിവയിലും ലൈകോപീന്‍ കുറഞ്ഞ അളവില്‍ അടങ്ങിയിട്ടുണ്ട്. തക്കാളി പാകം ചെയ്ത് അതിലടങ്ങിയിരിക്കുന്ന ലൈകോപീനിന്റെ സത്ത് വേര്‍തിരിക്കാവുന്നതാണ്.

ടോഫു- സോയാബീന്‍ ഉല്പന്നങ്ങള്‍ (Tofu – Soyabean products)

സോയാസീന്‍സില്‍ നിന്നുമുള്ള ഉല്പന്നങ്ങളായ “ടോഫു” (Tofu) തുടങ്ങിയവയില്‍ ധാരാളം ഫൈറ്റോ ഈസ്ട്രോജനുകള്‍ അടങ്ങിയിരിക്കുന്നു. ഇവ എപ്പിത്തീലിയല്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുകയും അര്‍ബുദകോശങ്ങളുടെ നിലനില്‍പിന് സഹായിക്കുന്ന രക്തക്കുഴലുകളുടെ വളര്‍ച്ചയ്ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നാലോ അഞ്ചോ ഔണ്‍സ് “ടോഫു” (Tofu)അല്ലെങ്കില്‍ മറ്റേതെങ്കിലും സോയാഉല്പന്നങ്ങള്‍ ഒരു ദിവസം കഴിക്കാം. സോയാഉല്പന്നങ്ങള്‍ അമിതമായി കഴിക്കുന്നത് ശരീരത്തിന് ദൂഷ്യം ചെയ്യുമെന്നും അറിഞ്ഞിരിക്കുക.

റാസ്ബെറീസ് (Raspberries)

അടുത്തയിടെ നടന്ന ഒരു ഗവേഷണ പഠനത്തില്‍ എലികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ 5 ശതമാനം മുതല്‍ 10 ശതമാനം വരെ കറുത്ത റാസ്ബെറി ചേര്‍ത്തപ്പോള്‍ അന്നനാളിയിലുണ്ടാകുന്ന ട്യൂമറുകള്‍ 43 ശതമാനം മുതല്‍ 62 ശതമാനം വരെ കുറയ്ക്കുന്നതായി കാണുകയുണ്ടായി കറുത്ത റാസ്ബെറീസിന് ബ്ളൂബെറീസിനെക്കാളും, സ്ട്രോബെറീസിനെക്കാളും കാന്‍സറിനെ പ്രതിരോധിക്കുന്നതിനുള്ള കഴിവുണ്ട്.

കാരറ്റ് (Carrot)

കാരറ്റില്‍ ധാരാളം ബീറ്റ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ശ്വാസകോശം, ആമാശയം, സ്തനങ്ങള്‍, പ്രോസ്റേറ്റ് ഗ്രന്ഥി എന്നിവിടങ്ങളിലുണ്ടാകുന്ന കാന്‍സര്‍ രോഗത്തെ കുറയ്ക്കാന്‍ ബീറ്റ കരോട്ടിന്‍ സഹായിക്കുന്നു.കാരറ്റിലടങ്ങിരിക്കുന്ന “ഫല്‍ക്കാരിനോള്‍ ” (Falcarinol) എന്ന പദാര്‍ത്ഥവും അര്‍ബുദത്തെ പ്രതിരോധിക്കുവാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ ഒരു ദിവസം 2 കിലോഗ്രാമില്‍ കൂടുതല്‍ കാരറ്റ് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല എന്നുകൂടി അറിഞ്ഞിരിക്കുക.

Image courtesy: ddmcdn.com

2 Comments

  1. p a sidiq

    May 7, 2013 at 1:10 pm

    its too help full

  2. saji

    October 22, 2015 at 5:00 pm

    very good

Leave a Reply

Your email address will not be published. Required fields are marked *