Don't miss

വാഴപ്പഴം കഴിക്കാം രോഗങ്ങൾ അകറ്റാം

By on May 2, 2016

വാഴപ്പഴം ഏറ്റവും രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു

വിലക്കുറവും എല്ലാ സീസണിലും ലഭ്യമാകുന്നതുമാണ്. സാധാരണക്കാരൻ തന്റ ആഹാരത്തിൽ ഒരു ദിവസം ഒരു പഴം ഉൾപെടുത്താൻ പ്രധാനമായും തിരഞ്ഞെടുക്കുന്നത് വാഴപ്പഴങ്ങളാണ്. നേന്ത്രപ്പഴം, ഞാലിപ്പൂവൻ, റോബസ്റ്റ, പാളയംകോടൻ (മൈസൂർ പഴം), ചെറുപഴം എന്നിങ്ങനെ വാഴപ്പഴങ്ങളുടെ പേരിലും ഗുണത്തിലും വ്യത്യാസമുണ്ട്. പഴങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ആരോഗ്യപരമായി ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും ഏത്തപ്പഴമാണ്.

നേന്ത്രപ്പഴം (ഏത്തപ്പഴം) മൂന്നുതരം കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമാണ് (ഗ്ലൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്). ബി കോംപ്ലക്സ് വിറ്റാമിനുകൾ നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റ അംശവും പൊട്ടാസ്യവും കൂടുതലുള്ളതുമാണ്. അതിനാൽ തന്നെ ഉയർന്ന ഊർജം പ്രദാനം ചെയ്യുന്ന പഴമാണിത്. രണ്ടുപഴം ഒന്നര മണിക്കൂർ നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുമെന്നു ഗവേഷകർ പറയുന്നു. വെറുതെയാണോ കായികവിനോദങ്ങളിൽ ഏർപെട്ടിരിക്കുന്നവർ ഈ പഴം ഇത്രമാത്രം കഴിക്കുന്നത്? വാഴപ്പഴത്തിൽ പ്രകൃതിദത്തമായ മൂന്നു പഞ്ചസാരകളാണുള്ളത്— സൂക്രോസ്, ഗ്ലൂക്കോസ്, ഫ്രക്റ്റോസ് എന്നിവ. 

വണ്ണം കുറയ്ക്കുന്നവർക്ക് ഏത്തപ്പഴം വേണ്ട

ഉയർന്ന കാലറിയുള്ള ഒരു പഴം ആയതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സ്ഥിരമായി ഏത്തപ്പഴം കഴിക്കരുത്. സാധാരണ ആരോഗ്യസ്ഥിതിയിലുള്ള ഒരാൾക്ക് ഒരു ദിവസം ഒരു ഏത്തപ്പഴം (പുഴുങ്ങിയതോ അല്ലാതെയോ) ഉപയോഗിക്കാവുന്നതാണ്. എന്നാൽ പ്രമേഹരോഗികൾ ഏത്തപ്പഴം ഒഴിവാക്കുന്നതാണു നല്ലത്. കാരണം, അതിൽ കാർബോഹൈഡ്രേറ്റ് കൂടുതലായി ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താൻ ഇടയാകുന്നു. എന്നാൽ തന്നെയും പഞ്ചസാരയുടെ അളവു ക്രമാതീതമായി ഉയർന്നു കാണാത്ത പ്രമേഹരോഗിക്ക് ഇടയ്ക്ക് ഒരു ഏത്തപ്പഴത്തിന്റെ പകുതി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ മറ്റു സമയത്തെ ആഹാരം കൂടി നിയന്ത്രിക്കണം.

banana wmns

കൊളസ്ട്രോളും പഴവും

ഏത്തപ്പഴത്തിലോ മറ്റു പഴങ്ങളിലോ കൊളസ്ട്രോൾ ഒട്ടും തന്നെയില്ല. അതിനാൽ തന്നെ ഉയർന്ന കൊളസ്ട്രോൾ ഉള്ള ഒരാൾ ഏത്തപ്പഴമോ, മറ്റു വാഴപ്പഴമോ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ, തീരെ വ്യായാമമില്ലാത്ത കൊളസ്ട്രോൾ രോഗികൾ ഏത്തപ്പഴം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ഇതിൽ കൊളസ്ട്രോൾ ഇല്ലെങ്കിൽതന്നെയും ഇതിലെ അന്നജം ശരീരത്തിൽ കൊഴുപ്പായി മാറ്റപെടാം. ഏത്തപ്പഴത്തിന്റ മിതമായ ഉപയോഗം ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല.

പ്രമേഹമുള്ളവർ പുഴുങ്ങി കഴിക്കരുത്

പ്രമേഹരോഗികൾ ഏത്തപ്പഴം ഉപയോഗിക്കുകയാണെങ്കിൽ പുഴുങ്ങാത്തതാണ് അഭികാമ്യം. കാരണം, പഴം പുഴുങ്ങുമ്പോൾ അവയിലെ കാർബോഹൈഡ്രേറ്റുകൾ കുറെക്കൂടി വേഗത്തിൽ നമ്മുടെ ശരീരത്തിനു ലഭ്യമാവുകയും അതുമൂലം രക്തത്തിലെ പഞ്ചസാര ഉയരുകയും ചെയ്യാം. എന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും പുഴുങ്ങിയ ഏത്തപ്പഴം തന്നെയാണു നല്ലത്. എല്ലാ പോഷകഘടകങ്ങളും വേഗത്തിൽ ലഭിക്കാൻ ഇത് ഇടയാക്കും.

വാഴപ്പഴം ദൈനംദിന ആഹാരത്തിൽ

ഏത്തപ്പഴത്തിനു മാത്രമല്ല, റോബസ്റ്റ മുതൽ ഞാലിപ്പൂവൻ വരെയുള്ള വിവിധ പഴങ്ങളുടെ ഗുണങ്ങൾ നിരവധിയാണ്. ഊർജം നൽകുക മാത്രമല്ല അത് ചെയ്യുന്നത്. അത് അസുഖങ്ങളെ മറികടക്കാൻ സഹായിക്കാൻ വേണ്ട സൂക്ഷ്മപോഷകങ്ങൾ നൽകുകയും ചെയ്യും.

bna1

വിഷമം കുറയ്ക്കാൻ പഴം

വിഷമം തോന്നുമ്പോൾ പഴം കഴിക്കൂ. വിഷമം കുറയുന്നതു കാണാം. ഒരു സർവേ പ്രകാരം നിരവധിപേർക്ക് ഈ അനുഭവം ഉണ്ടാകുന്നതായി കണ്ടെത്തി. പഴത്തിലുള്ള ട്രിപ്റ്റോഫാൻ എന്ന പ്രോട്ടീനിനെ ശരീരം സെററ്റോണിൻ ആക്കി മാറ്റും. ഈ സെററ്റോണിൻ ആണ് സന്താപത്തെ സന്തോഷമാക്കി മാറ്റി നമ്മുടെ മൂഡ് നന്നാക്കുന്നത്. മക്കൾ ശാന്തസ്വഭാവക്കാരായി പിറക്കാൻ തായിലൻഡിൽ ഗർഭിണികൾ സ്ഥിരമായി പഴം കഴിക്കാറുണ്ട്.

പഴത്തിലെ B6 ഘടകം രക്തത്തിലെ ഗ്ലൂക്കോസിന്റ അളവു ക്രമീകരിച്ചു നമ്മുടെ മൂഡു മെച്ചപെടുത്തും. വിളർച്ചമാറ്റാനും പഴം സഹായിക്കും. ഇരുമ്പിന്റ അംശം ധാരാളമുള്ള പഴം രക്തത്തിലെ ഹീമോഗ്ലോബിന്റ ഉൽപാദനം മെച്ചപെടുത്തി വിളർച്ചക്കെതിരെ പ്രവർത്തിക്കുന്നു.

bna3

ബി പി കുറയ്ക്കാൻ

രക്തസമ്മർദം കുറയ്ക്കാനും പഴം വളരെ സഹായകമാണ്. ഇവയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഉപ്പിന്റെ അംശം, താരതമ്യേന വളരെ കുറവും. ഇതു കാരണം അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ പഴവ്യവസായികളെ പഴത്തിന്റ ഈ ഔഷധഗുണം പരസ്യപെടുത്താൻ അനുവദിച്ചു. സ്ട്രോക്കു നിയന്ത്രിക്കാനും പഴം നല്ലതാണ്.
 

Image courtesy : netdna-cdn.com , 

Leave a Reply

Your email address will not be published. Required fields are marked *