Don't miss

തണ്ണിമത്തൻ നടാൻ സമയമായി.

By on April 21, 2016

ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് തണ്ണിമത്തൻ നടാൻ നല്ലകാലം. മുഖ്യമായി ഷുഗർ ബേബിയും.

അർക്കാജ്യോതിയും നല്ല വിളവുതരുന്നയിനങ്ങളാണ്. കേരള കാർഷിക സർവകലാശാല വിത്തില്ലാത്ത തണ്ണിമത്തനിനങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
നല്ല ദാഹശമനിയും ആരോഗ്യദായിനിയുമാണിത്. വേനലിൽ പുഴയുടെ തീരങ്ങളിൽ പണ്ടൊക്കെ തണ്ണിമത്തൻ നട്ടുവന്നിരുന്നു. എന്നാലിന്നത് വിരളമാണ്. ഒരു ഹെക്ടറിലേക്ക് നടാൻ ഒന്നൊന്നരകിലോഗ്രാം വിത്തുവേണം. നന്നായി കിളച്ചിളക്കിയിട്ട മണ്ണിൽ ആവശ്യത്തിന് ജൈവവളങ്ങൾ പ്രത്യേകിച്ച് കാലിവളം, വേപ്പിൻപിണ്ണാക്ക്, മണ്ണിരവളം എന്നിവ ചേർക്കണം.
നന്നായി ചേർത്തിളക്കിയ മണ്ണിൽ തടങ്ങൾ തീർത്ത് വിത്ത് നടണം. വിത്ത് പാകുന്നതിനുമുൻപ് സ്യൂഡോമോണാസ് കലർത്തിയ ലായനിയിൽ മുക്കിയശേഷം പാകിയാൽ നന്നായി മുളച്ച് തൈ കരുത്തോടെ വളരും. രാസവളം ആവശ്യത്തിന് മാത്രം ചേർത്താൽ മതി. ആദ്യപ്രാവശ്യം ഒരു ഹെക്ടറിലേക്ക് 25 ടൺ ചാണകപൊടി വേണം. 75 കിലോഗ്രാം യൂറിയയും 40 കിലോഗ്രാം പൊട്ടാഷും 125 കിലോഗ്രാം രാജ് ഫോസും ചേർക്കാം.

thannimathan
തുടർന്ന് ചെടി വള്ളി വീശുമ്പോഴും പുഷ്പിക്കാൻ തുടങ്ങുമ്പോഴും രണ്ടു തുല്യ തവണകളായി യൂറിയ ചേർക്കണം. മഴയില്ലെങ്കിൽ മൂന്നുനാലു ദിവസം ഇടവിട്ട് നനയ്ക്കണം. പുഷ്പിച്ചാൽ നന ഒന്നരാടം ദിവസങ്ങളിലാക്കാം. തണ്ണിമത്തൻ കായ് മൂപ്പായാൽ നന നിയന്ത്രിക്കണം. 
കള നീക്കാൻ മറക്കരുത്. രാസവളം ഒട്ടുംതന്നെ ഉപയോഗിക്കാതെ തണ്ണിമത്തൻ വളർത്തുമ്പോൾ കപ്പലണ്ടി പിണ്ണാക്ക്, വെള്ളത്തിൽ കുതിർത്ത ലായനി, ട്രൈക്കോഡർമ, ചാണകപൊടി, വേപ്പിൻപിണ്ണാക്ക്, എന്നിവ ചേർക്കണം. ആട്ടിൻ കാഷ്ഠം, മണ്ണിര വളം എന്നിവ മികച്ച ജൈവവളങ്ങളാണ്. വേനലിൽ  നന സൗകര്യമുണ്ടെങ്കിൽ നെൽപ്പാടങ്ങളിലും തണ്ണിമത്തൻ നടാം.

Leave a Reply

Your email address will not be published. Required fields are marked *