ടൂറിസം മേഖലയ്ക്ക്‌ ഉണർവ്വ്‌ പകർന്ന്‌ ആനയിറങ്കൽ

By on April 20, 2016

ടൂറിസം മേഖലയ്ക്ക്‌ പുത്തൻ ഉണർവ്വ്‌ പകർന്നിരിക്കുകയാണ്‌ ആനയിറങ്കൽ ഹൈഡൽ ടൂറിസം പദ്ധതിയുടെ ഭാമായിട്ടുള്ള ബോട്ടിംഗ്‌.

കഴിഞ്ഞ 25നാണ്‌ വൈദ്യുത വകുപ്പിന്റെ കീഴിലുളള ആനയിറങ്കൽ ജലാശയത്തിൽ ഹൈഡൽ ടൂറിസത്തിന്റെ കീഴിലുള്ള ബോട്ടിംഗ്‌ ഉദ്ഘാടനം ചെയ്ത്‌ പ്രവർത്തനം ആരംഭിച്ചത്‌.
പച്ചവിരിച്ച തെയിലതോട്ടങ്ങൾ നിറഞ്ഞ മൊട്ടക്കുന്നുകൾക്ക്‌ നടുവിലൂടെയുള്ള ബോട്ടിംഗ്‌ ഇവിടെ എത്തുന്ന സഞ്ചാരികൾക്ക്‌ നവോന്മേഷമാണ്‌ പകരുന്നത്‌. ആനകളുടെ വിഹാര കേന്ദ്രം കൂടിയായ ഇവിടെ ബോട്ടിംഗിനിടക്ക്‌ പ്രത്യക്ഷപ്പെടുന്ന ആനക്കൂട്ടങ്ങളും വേറിട്ട കാഴ്ചയാണ്‌. സഞ്ചാരികളുടെ കടന്നുവരവ്‌ വർദ്ധിച്ച്‌ ജില്ലയിലെ ഏറ്റവും തിരക്കേറിയ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്‌.

anayirnkl
മൂന്നാർ കുമളി റൂട്ടിൽ ദേശീയ പാതയോട്‌ ചേർന്ന്‌ ആനയിറങ്കൽ സ്ഥിതിചെയ്യുന്നതിനാൽ തേക്കടിയിലേക്കും മൂന്നാറിലേക്കും വരുന്നതും പോകുന്നതുമായ

 സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി ഇവിടം മാറിക്കഴിഞ്ഞു. അതുകൊണ്ട്‌ തന്നെയാണ്‌ ഇവിടെ തിരക്കേറുന്നത്‌. നിലവിൽ 5 പേർക്ക്‌ സഞ്ചരിക്കുവാൻ കഴിയുന്ന 2 സ്പീഡ്‌ ബോട്ടുകളും, 20 പേർക്ക്‌ സഞ്ചരിക്കുവാൻ കഴിയുന്ന ഒരു പന്റ്‌റിയൂൺ ബോട്ടുമാണ്‌ ആദ്യഘട്ടമെന്ന നിലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്‌. സ്പീഡ്‌ ബോട്ടിൽ 15 മിനിറ്റ്‌ യാത്ര ചെയ്യുന്നതിന്‌ 750 രൂപയും, പെന്റ്‌റിയൂൺ ബോട്ടിൽ യാത്ര ചെയ്യുന്നതിന്‌ 1600 രൂപയുമാണ്‌ ഹൈഡൽ ടൂറിസം ഡിപ്പാർട്ടുമെന്റ്‌ സഞ്ചാരികളിൽ നിന്ന്‌ ഈടാക്കുന്നത്‌. അധികം വൈകാതെ തന്നെ 2 സ്പീഡ്‌ ബോട്ടും, 2 പെഡൽ ബോട്ടുകളും കൂടി ഇവിടെ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. രാവിലെ 9 മണിമുതൽ വൈകിട്ട്‌ 5 മണിവരെയാണ്‌ ബോട്ടിംഗിന്റെ സമയം.

anayirankal
വിപുലമായ മറ്റ്‌ സൗകര്യങ്ങളും ഒരുക്കുന്നതിന്‌ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്‌ അധികൃതർ. കുട്ടികൾക്കായുള്ള പാർക്കിന്റെ നിർമ്മാണ പ്രവർത്തനവും ആരംഭിച്ചുകഴിഞ്ഞു. കൂടാതെ ആവശ്യമായ സൈൻ ബോർഡുകൾ, ചെറിയ മൊട്ടക്കുന്നുകളിൽ ആകർഷകമായ പുൽകുടിലുകൾ, പവലിയനുകൾ തുടങ്ങിയവയും വൈകാതെ നിർമ്മാണം പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു.

Image courtesy : upload.wikimedia.org

Leave a Reply

Your email address will not be published. Required fields are marked *