Don't miss

 കുഞ്ചൻ നമ്പ്യാരും ഓട്ടൻ തുള്ളലും

By on April 12, 2016

കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം

കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിന് 8 കിലോമീറ്റർ അകലെയായുള്ള

കിള്ളിക്കുറിശ്ശിമംഗലം എന്ന ഗ്രാമത്തിലാണ് കുഞ്ചൻ നമ്പ്യാർ ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മഗൃഹമായ കലക്കത്തു ഭവനം ഇന്ന് ഒരു സ്മാരകമായും ഓട്ടൻ തുള്ളലിനും അനുബന്ധ കലകൾക്കുമായുള്ള ഒരു മ്യൂസിയം ആയും സംരക്ഷിച്ചിരിക്കുന്നു. കുഞ്ചൻ സ്മാരക വായനശാല എന്ന ഒരു വായനശാലയും അവിടെയുണ്ട്. കേരളത്തിലെ രംഗകലകളെ കുറിച്ചുള്ള കൈയെഴുത്തു പ്രതികളും രേഖകളും അവിടെ സൂക്ഷിച്ചിരിക്കുന്നു
വേഷവിധാനം

തുള്ളലിലെ വേഷം അനന്തനെ സങ്കൽപ്പിച്ചിട്ടുള്ളതാണ്. കണ്ണിനു പുരികമെഴുത്തു മാത്രമേ ഉള്ളു. കൈമെത്ത, അമ്പടി, ഉടുത്തുകെട്ട്, വലതുകാലിൽ ചിലമ്പ്, കച്ചമണി എന്നിവയും ധരിക്കുന്നു. നടൻ നാഗപടത്തോടുകൂടിയുള്ള കിരീടമാണ് ധരിക്കുന്നത്.

ശീതങ്കൻ തുള്ളൽ


കേരളത്തിലെ ക്ഷേത്രകലാരൂപമായ തുള്ളലിന്റെ ഒരു രൂപമാണ് ശീതങ്കൻ തുള്ളൽ. തുള്ളൽകഥകളുടെ രചനയ്ക്ക് ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങളെയും നടന്റെ വേഷവിധാനത്തെയും ആസ്പദമാക്കി തരംതിരിച്ചിട്ടുള്ള മൂന്ന് വിധം തുള്ളലുകളിൽ ഒന്നാണിത്. വേഗത്തിൽ പാടേണ്ടത് ഓട്ടൻ തുള്ളലിനാനെങ്കിൽ , ശീതങ്കൻ തുള്ളലിന് വേഗത കുറച്ച് വേണം പാടാൻ. പതിഞ്ഞരീതിയിൽ പാടേണ്ടതാണ് പറയൻ തുള്ളൽ. ലാസ്യാംശത്തിനു പ്രാധാന്യമുള്ള തുള്ളലാൺ ശീതങ്കൻ.

അവതരണം

പൊതുവേ പാതിരായ്ക്കാണ് ശീതങ്കൻ തുള്ളൽ അവതരിപ്പിക്കാറ്. തുള്ളൽ അവതരിപ്പിക്കുന്നതിന് മൂന്ന് പേർ ആവശ്യമാണ്. വേഷം കെട്ടുന്ന നടനാണ് ഒരാൾ. അദ്ദേഹമാണ് തുള്ളൽക്കഥ പാടി അഭിനയിച്ച് കാണിക്കുന്നത്. മറ്റൊരാൾ തൊപ്പി മദ്ദളക്കാരൻ. ഇനിയുമൊരാൾ താളക്കാരൻ അഥവാ കൈമണിക്കാരൻ. തുള്ളൽ പകലോ രാത്രിയിലോ അവതരിപ്പിക്കാം. രംഗത്ത് വിളക്ക് വയ്ക്കാറില്ല.

വേഷവിധാനം 

തുള്ളൽക്കാരൻ മുഖത്ത് മഞ്ഞ നിറത്തിലുള്ള പൊടി തേച്ച് മിനുക്കി തലയിൽ കറുത്ത തുണി കൊണ്ട്കെട്ടി കണ്ണും പുരികവും എഴുതി പൊട്ട് തൊട്ട് കുരുത്തോല കൊണ്ടുണ്ടാക്കിയ മെയ്യാഭരണങ്ങളും ധരിച്ചാൽ ശീതങ്കൻ തുള്ളലിന്റെ വേഷമായി. കാലിലെ കെച്ചമണിയും ഓട്ടന് തുള്ളലിന്റേതു പോലെ തന്നെ. മുഖത്ത് മഞ്ഞതേച്ച് മിനുക്കാതെയും ചില ദിക്കുകളിൽ ശീതങ്കൻ അവതരിപ്പിച്ച് കാണുന്നു.

ശീതങ്കൻ തുള്ളലിൽ കൂടുതലായി ഉപയോഗിച്ച് വരുന്ന വൃത്തമാണ് കാകളി

തുള്ളലിന്റെ ഉത്ഭവം 

ചാക്യാർ കൂത്ത് എന്നാ കലാരൂപത്തിന് മിഴാവ് ആണ് വാദ്യമായിട്ടു ഉപയോഗിക്കുന്നത്.പൊതുവേ നമ്പ്യാർ മാർ ആണ് മിഴാവ് വായിക്കുന്നത്. പതിവ് പോലെ ഒരിക്കൽ അമ്പലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ കൂത്ത് നടക്കുന്ന സമയം. ചാക്യാർ അരങ്ങത്ത് കൂത്ത് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു . കുഞ്ചൻ നമ്പ്യാർ ആണ് മിഴാവ് വായിക്കുന്നത്. ആളുകളുടെ ആവേശം കൂടുന്നതനുസരിച്ച് ചാക്യാർ തന്റെ കഴിവുകളെ പുറത്തെടുത്തു തുടങ്ങി. പാവം നമ്പ്യാർ കൂത്തിനിടയ്ക്കൊന്നു മയങ്ങി പോയി. ചാക്യാർ വിട്ടുകൊടുക്കുമോ ? നമ്പ്യാരെ അങ്ങേയറ്റം പരിഹസിച്ചു. നമ്പ്യാർ ചാക്യാർക്കു തക്കതായ മറുപടി നൽകണം എന്ന ഉറച്ച തീരുമാനത്തോടെ അന്ന് തന്റെ ഇല്ലത്തേക്ക് മടങ്ങി.

ചാക്യാരോടുള്ള പ്രതികാരസൂചകമായി ഒറ്റ രാത്രി കൊണ്ട് പുതിയ ഒരു കലാരൂപത്തിന് ജന്മം നൽകി.അതാണ് "തുള്ളൽ". അടുത്ത ദിവസം ക്ഷേത്രത്തിന്റെ ഒരു വശത്ത് കൂത്ത് തകൃതിയായി നടക്കുന്നു. പൊടുന്നന്നെ മറ്റൊരു ഭാഗത്ത് അതാ നല്ല താളഭാവങ്ങളോട് കൂടിയ പാട്ട് കേൾക്കുന്നു. കൂത്ത് കണ്ടു കൊണ്ടിരുന്ന ആളുകൾ ഇതെന്താ കഥ എന്ന ഭാവത്തിൽ തുള്ളൽ നടക്കുന്ന വേദിയിലേക്ക് തിരിച്ചു. നോക്കുമ്പോൾ തികച്ചും നവീനവും ആസ്വാദ്യകരവും ആയ ഒരു നൃത്ത രൂപം.അത് തുള്ളലായിരുന്നു. അങ്ങനെ ചാക്യാരുടെ കൂത്തിന് ആളുകൾ ഇല്ലാതായി.ചാക്യാർ നാണം കെട്ടുപോയി.

നമ്പ്യാർ ആദ്യം അവതരിപ്പിച്ചത് ശീതങ്കൻ തുള്ളൽ ആയിരുന്നു. അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യത്തെ കഥ കല്യാണസൗഗന്ധികം ആയിരുന്നു .

 പറയൻ തുള്ളൽ

പറയൻ തുള്ളൽ രാവിലെ അരങ്ങേറുന്ന ഒരു തുള്ളൽ കലാരൂപമാണ്. മറ്റു തുള്ളലുകളെ അപേക്ഷിച്ച് പറയൻ തുള്ളലിന് പതിഞ്ഞ ഈണവും താളവുമാണുള്ളത്. മല്ലിക എന്ന സംസ്കൃതവൃത്തമാണ് ഇതിൽ കൂടുതലായും ഉപയോഗിക്കുന്നത്.

parayanthullal


കിള്ളിക്കുറിശ്ശിമംഗലം


കിള്ളിക്കുറിശ്ശിമംഗലം കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിന് 8 കിലോമീറ്റർ അകലെയുള്ള ലക്കിടി ഗ്രാമ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ്. നിള (ഭാരതപ്പുഴ) കിള്ളിക്കുറിശ്ശിമംഗലത്തിന്റെ തെക്കേ അതിരിലൂടെ ഒഴുകുന്നു.

ഗ്രാമത്തിലുള്ള പ്രശസ്തമായ ശ്രീ കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്രത്തിൽ നിന്നാണ് കിള്ളിക്കുറിശ്ശിമംഗലത്തിന് പേരുലഭിച്ചത്. പുരാതനമായ ഈ ക്ഷേത്രം നിർമ്മിച്ചത് ‘’ശ്രീ ശുക ബ്രഹ്മർഷി’‘യാണെന്നാണ് പുരാണം.

മലയാളത്തിലെ പ്രശസ്ത സരസകവിയും ഓട്ടംതുള്ളലിന്റെ ഉപജ്ഞാതാവുമായ കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമാണ് കിള്ളിക്കുറിശ്ശിമംഗലം. കുഞ്ചൻ നമ്പ്യാർ ജനിച്ച കലക്കത്തുഭവനം ഇന്ന് കേരള സർക്കാർ സാംസ്കാരികവകുപ്പിന്റെ കീഴിലുള്ള ഒരു സാംസ്കാരിക കേന്ദ്രമാണ്. കുഞ്ചൻ നമ്പ്യാരുടെ ഓർമ്മക്കായി സ്ഥാപിച്ച കുഞ്ചൻ സ്മാരക വായനശാല എന്ന ഒരു വായനശാലയും ഇവിടെ ഉണ്ട്.

പ്രശസ്ത കൂടിയാട്ടം, ചാക്യാർകൂത്ത് കലാകാരനും നാട്യശാസ്ത്ര വിശാരദനുമായിരുന്ന ‘’നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ ഗുരു മാണി മാധവ ചാക്യാർ‘’ ഇവിടെ ജീവിച്ചിരുന്നു. ഭാവാഭിനയത്തിന്റെ ആചാര്യനായിരുന്നു അദ്ദേഹം. കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്രത്തിന്റെ അടുത്താണ് അദ്ദേഹത്തിന്റെ ഭവനം.


പ്രശസ്ത സംസ്കൃത പണ്ഡിതനായിരുന്ന ‘’‘കൊപ്പത്ത് അച്യുതപ്പൊതുവാൾ’‘’ മഹാദേവ ക്ഷേത്രത്തിനടുത്ത് ജീവിച്ചിരുന്നു.

പാവപ്പെട്ട വിദ്യാർത്ഥികൾക്കായി ഉള്ള ശ്രീ ശങ്കര ഓറിയന്റൽ ഹൈസ്കൂൾ കിള്ളിക്കുറിശ്ശിമംഗലത്തെ ഏറ്റവും പുരാതനമായ വിദ്യാലയമാണ്. പ്രശസ്ത സംസ്കൃത പണ്ഡിതനായ പണ്ഡിതരത്നം ‘’‘പന്നിശ്ശേരി (പഴെടത്തു) ശങ്കരൻ നമ്പൂതിരിപ്പാട്’‘’ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. കേരളത്തിൽ സംസ്കൃതം പ്രാഥമിക വിഷയമായുള്ള ആറു വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്.
 

Leave a Reply

Your email address will not be published. Required fields are marked *